Tuesday, June 9, 2020

മരിച്ചവരുടെ നോട്ടു പുസ്തകം ..................
"മരണത്തിന്റെ സർവ്വകലാശാലയിലാണ് ജീവിതം എഴുത്തിനിരിക്കുന്നതു "
ഇത്രയും പറഞ്ഞു വിജരാഘവൻ നമ്പ്യാർ ചായക്കോപ്പയിലെ അവസാന തുള്ളിയും കുടിച്ച് തീർത്ത് ഒരു സിഗരറ്റിനു തീകൊളുത്തി .ട്രെയിനിൽ തൻ്റെ അടുത്തിരിക്കുന്ന യുവാവിനും ഒരു സിഗരറ്റു നീട്ടി. പുക ചുരുളുകൾക്കിടയിൽ സിഗരറ്റ് ജീവിതത്തിലേക്കും മരണത്തിലേക്കും ഉള്ള പുകപ്പാലം ആണ് എന്ന് ഓർമിപ്പിച്ചു. മനുഷ്യർ ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നത് തന്നെ മരിക്കാനല്ലേ എന്ന് ആത്മഗതം കൊണ്ടു . വി മുസാഫർ എഴുതിയ "മരിച്ചവരുടെ നോട്ടു പുസ്തകം" എന്ന പുസ്തകത്തിലെ ഇത്രയും ഭാഗങ്ങൾ വായിച്ച് ഇയ്യുള്ളവന്റെ മനസിലൂടെ ഒരു തീവണ്ടി കുറ്റിപ്പുറം പാലത്തിലൂടെ ഇങ്ങിനെ കൂകി പാഞ്ഞ് പോയ് .. വാതിൽക്കലേക്ക് നടന്ന് വികാര വിക്ഷോഭങ്ങൾ അടക്കി നിർത്തി വിദൂരതയിലേക്ക് നോക്കി നിൽക്കുന്നതും എന്നെ ഒരുവേള ഞാൻ അനുഭവിച്ചു എന്നും പറയാം .......അപ്പോഴും
വിരസതയിൽ നിന്നും രക്ഷപ്പെടാൻ വീട്ടുകാരോട് പോലും പറയാതെ ഗാന്ധി പിറന്ന വീട് കാണാൻ യാത്ര തിരിച്ച മുസാഫിർ എന്ന യാത്രികനെ കുറിച്ചായിരുന്നു ഞാൻ ആലോചിച്ചത് ഒരുവൻ എങ്ങിനായാണ് തന്റെ ജീവിതത്തിൽ തന്റെ ദൗത്യം ജീവിതത്തിന്റെ പച്ചപ്പുകളിലും ശുന്യതയിലും നിറവേറ്റുവാൻ ശ്രമിക്കുന്നത് എന്നതിനെ കുറിച്ചായിരുന്നു .എങ്ങിനെയാണ് ഇത്രമേൽ വികാരവായ്പ്പാർന്ന വാക്കുകളിൽ എഴുത്തിൽ അതിനെ പ്രതിഫലിപ്പിക്കാൻ ആകുന്നതു എന്നതിനെ കുറിച്ചായിരുന്നു . ജീവിതവും മരണവും എത്രമേൽ അടുത്ത് നിൽക്കുന്നു എന്നറിയാതെ യൗവനത്തിലേക്കു കാലൂന്നി നിൽക്കുന്ന ഒരുവൻ ഗാന്ധി പിറന്ന വീട് കാണാൻ ഇക്കാലമെത്രയും കഴിഞ്ഞു എന്തിനു പോകുന്നു എന്ന ചോദ്യം അവസാനമായി തന്റെ ഡയറിയിൽ കുറിച്ചിട്ടുകൊണ്ട് ആ യാത്രയിൽ തന്നെ തീവണ്ടിയിൽ നിന്നും വീണു മരിച്ചുപോയ വിജയ രാഘവൻ നമ്പ്യാർ ആലോചിച്ചപോലെ…......
"ജീവിതം എല്ലായ്പ്പോഴും സ്വന്തം പുസ്തകം എഴുതുകയാണ് എന്ന് നടിക്കും , എന്നാൽ അത് മരണത്തെ കുറിച്ചുകൂടി ഉള്ളതാണ് എന്ന് മനുഷ്യൻ തിരിച്ചറിയണം എന്നില്ല .ജിവിതത്തിന്റെ പേശികളിൽ പിറന്ന നാൾ തൊട്ടു മരണ വൈറസും കൂടു വെക്കുന്നുണ്ട് .ജീവിതം ഒരു മധു ശാലയാണ് എന്ന് എളുപ്പത്തിൽ തോന്നും അതിന്റെ പുറത്തേക്കുള്ള വഴിയിൽ ഇരുന്നു ഒരാൾ ചോര ശർദിക്കുന്നത് കാണാൻ ഇടയായാൽ അത് അയാളുടെ കാര്യം എന്ന് ജീവിതം മുഖം തിരിക്കും . അടുത്ത വളവിൽ ആ ജീവിതത്തിനും ചോര ശര്ദ്ധിക്കാനുള്ളതാണ് എന്ന് മറക്കും” .............
മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി , അതിൽ തന്നെ ഭൂമിയിൽ അവനോളം മിടുക്കൻ അല്ലാത്ത ജീവജാലങ്ങൾക്കിടയിൽ അവനെങ്ങിനെയായിരിക്കും ഇത്രയും മിടുക്കൻ ആയതു തന്നെ . മനുഷ്യൻ എന്ന ജീവി ഏകദേശം ഒരു പതിനായിരം വർഷങ്ങൾക്കു മുൻപ് ആയിരിക്കാം ഈ കാണുന്ന പുരോഗതികൾക്കെല്ലാം തുടക്കമിട്ടത് എന്ന വസ്തുത ശാസ്ത്രം അനുമാനമായി പറയുമ്പോഴും എന്ന് മുതലായിരിക്കാം അവൻ ആകസ്മികമായി തന്നെ തേടി വരുന്ന പല രീതിയിലുള്ള മരണങ്ങളിൽ നിന്നും ജീവിതം എന്ന ഒന്നിനെ വേർതിരിക്കാനും അതിനെ സ്വപ്നം കാണാനും തുടങിയിരിക്കുക . എങ്ങിനെയായിരിക്കാം ജൈവ കുലത്തിലെ പിടിക്ക പെടാതിരിക്കാൻ പ്രത്യക കഴിവുകൾ പരിശീലിച്ച മികച്ച വേട്ടക്കാരനായി അവൻ തീർന്നിരിക്കുക .എന്ന് മുതലായിരിക്കാം നമ്മുടെ തലച്ചോറിന് സൗന്ദര്യസങ്കല്പം വീണു കിട്ടിയിട്ടുണ്ടാവുക ,എന്ന് മുതലാണവൻ ചില തളിരിലകളെ വളർത്തി വലുതാക്കി അതിലെ ഫലം തിന്നു വിത്ത് കുഴിച്ചിടാൻ ആരംഭിച്ചത് ,ഇണകൾക്കു രാജ്യത്തിനും അതിരിനും വേണ്ടി എന്ന് മുതലാണവൻ യുദ്ധം ആരഭിച്ചിരിക്കുക . എക്സാറ്റ് എന്ന വാക്കിന് പോലും നിയതമായ ഒരുഅർത്ഥ തലം അവകാശപ്പെടാനാകാതെ പോകുന്നു ഈ ചിന്തകൾക്ക് .ഒരു പക്ഷെ ഇതിനു ഏറ്റവും സാധാരണ മായ ഉത്തരം ആധുനിക മനുഷ്യൻ അവന്റെ ജീവിതയാത്രയിൽ ഉണ്ടാക്കിയെടുത്തിട്ടുള വഴക്കമുള്ള ഭാഷയാണ് ഒരർത്ഥത്തിൽ അവനു ഇതെല്ലാം സാധ്യമാക്കിയത് ,പരിമിതമായ എണ്ണത്തിൽ കുറവുകളുള്ള അടയാളങ്ങളും ശബ്ദങ്ങളും ഉപയോഗപെടുത്തി അവനു അന്തമില്ലാത്ത അത്രയും വാക്യങ്ങൾ അവനു സൃഷ്ടിക്കാൻ കഴിയും എന്നതും അതുവഴി ചുറ്റുപാടുകളെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ച് അറിവ് സൂക്ഷിച്ചു വെക്കാനും മനുഷ്യന് സാധിച്ചു . ഇത്തരം വിത്യസ്ത ജീവിത സൂക്ഷിപ്പുകൾ നടത്തുന്ന വിവിധ തരം മനുഷ്യരെ കുറിച്ചും നാടുകളെ കുറിച്ചും അത്തരം ഫലപ്രദമായ കഥകൾ ജീവിതത്തിൽ തൊട്ടു നിന്ന് കൊണ്ട് പറയാനാണ് ഒരു യാത്രികൻ എന്ന നിലക്ക് മുസഫർ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത് .
ഈ ലോക് ഡൌൺ കാലത്ത് വായിക്കാൻ എടുത്ത "മരിച്ചവരുടെ നോട്ടു പുസ്തകം എന്നവി മുസഫർ അഹമ്മദ് എഴുതിയ പുസ്തകത്തെ കുറിച്ച് പറയാൻ ആണ് ശ്രമിക്കുന്നത്, അതിനു പ്രചോദനമായതാകട്ടെ പ്രിയ സുഹൃത്ത് സുനിൽ സലാമിൻറെ പുസ്തക ചലഞ്ചിലൂടെ .എങ്ങാനും കുറച്ച് സമയം കിട്ടിയാൽ വായന എന്ന സന്തോഷം മനസ്സിൽ എവിടെ നിന്നാണ് വന്നു നിറയുന്നത് എന്ന് ആലോചനയിലും , അത്തരം വായനകൾ കാര്യമായി നടക്കാത്തതിന്റെ വല്ലാത്ത നിരാശയും സങ്കടവും മനസ്സിൽ പലപ്പോഴും നിറയാറുണ്ട് . .നാട്ടിലെ ഉദയാലൈബ്രറിയാണ് ചില ഗൗരവമാർന്ന വായനയുടെ തുടക്കം തന്നത് , അത് തന്നെ വീട്ടിനടുത്തുള്ള ലത ചേച്ചിക്ക് പുസ്തകം എടുത്ത് കൊണ്ട് കൊടുക്കാൻ 'അമ്മ നൽകിയ അനുവാദത്തിൽ തുടങ്ങി , വായന ഈ കാലം വരെയും ഏറിയും കുറഞ്ഞും തുടരുമ്പോഴും അത്രമേൽ സന്തോഷം തരുന്ന മറ്റൊന്നിനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല എന്നതും യാദൃച്ഛികം .പഠന കാലത്ത് ചിലപ്പോഴെല്ലാം പല നടത്തങ്ങളും കോഴിക്കോട്ടെ രാധാ തിയ്യറ്ററിന്റെ സിനിമാ കോലാഹലങ്ങൾ കിടയിലൂടെ വിത്യസ്തമായ പുസ്തകങ്ങൾ കിട്ടുമായിരുന്ന "മൾബറി" യിൽ ആണ് അവസാനിക്കാറുള്ളത് , വാങ്ങിക്കാൻ പണം ഇല്ലാതെ തിരിച്ചും മറിച്ചും നോക്കി പല ദിവസങ്ങളിലും തിരിഞ്ഞു നടക്കാറാണ് പതിവ് എങ്കിലും എവിടുന്നെങ്കിലും കിട്ടുന്ന കാശുമായി ചെല്ലുന്ന എനിക്ക് പല പുസ്തകങ്ങളും ഡിസ്കൗഡിലും കുറഞ്ഞ വിലക്ക് തരുന്ന ഷെൽവി ചേട്ടനും വ്യക്തിപരമായി ഓർമ്മയായി മനസ്സിലേക്ക് വരുന്ന നിമിഷങ്ങളാണ് ഈ പുസ്തക ചാലഞ്ച്.
ഈ പുസ്തകത്തിൻറെ ആദ്യ അധ്യായങ്ങൾ മരവിച്ച ചില മരണങ്ങളെ കണ്ടവൻ ജീവിതത്തിന്റെ ചതുപ്പു നിലങ്ങളിൽ നിന്ന് കൊണ്ട് അവരെ ഓർമ്മിക്കുന്നതായി തോന്നാമെങ്കിലും അതിൽ ചിലതെങ്കിലും വ്യെക്തിപരമായി പല മനുഷ്യരുടെയും അയാൾ ജീവിച്ചിരുന്ന കാലത്ത് അയാൾ നേരിട്ടിരുന്ന സാമൂഹികവും, രാഷ്ട്രീയവും ,ആത്മീയവുമായ നിരവധി അപമാനങ്ങളുടേതു കൂടി ആകുന്നുണ്ട് .അല്ലെങ്കിൽ അത് കൂടിയാണ് എന്ന് വായനക്കാരിലേക്ക് നിഷ്പ്രയാസം കോറിയിടാൻ എഴുത്തുകാരന് സാധിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഓരോ പേജുകളിലേക്കും ഒഴുകി ഇറങ്ങാൻവായനക്കാരനെ പ്രേരിപ്പിക്കുന്നത്. .....
പല നാടുകളിലെ പല മനുഷ്യരെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും എഴുതുന്ന എഴുത്തുകാരൻ അയാൾ സഞ്ചരിച്ച വഴികളിലെ സാസ്കാരിക ജീവിതത്തെ കുറിച്ചും ചില യിടങ്ങളിലെ സംഘർഷവും ദൈന്യവും നിറഞ്ഞ ജീവിതങ്ങളെ .കുറിച്ചും എഴുതുന്നു .'ചുഴലിയിൽ പെട്ട അവർ ബ്രമ്ഹപുത്രയിൽ നീന്തുന്നു" എന്ന അദ്ധ്യായത്തിൽ ആസാമിലേക്കുള്ള യാത്രയെ കുറിച്ചും ബോഡോ കലാപകാരികളെ കുറിച്ചും
ഉൾഫയെ കുറിച്ചും വിശദമായി എഴുതുന്നതിനിടയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഒരു വിമുക്ത ഉൾഫ പോരാളി കീഴടങ്ങാൻ പോകുന്നതിനു തൊട്ട് മുൻപ് അയാൾ എഴുതിയപൂർത്തിയാക്കാത്ത കവിത കേൾപ്പിക്കുന്ന വികാര നിർഭരമായ രംഗം ഉണ്ട് .....
ചുഴലിയിൽ പെട്ട വീടുകളുമായി
ആന്ധരെ പോലെ അവർ ബ്രഹ്മ പുത്രയിൽ നീന്തുന്നു .....
എണ്ണിയാൽ ഒടുങ്ങില്ല
ചുഴലി ബാധിച്ചു നീന്താനിറങ്ങുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു .........
എഴുത്തുകാരന്റെ പ്രവാസ ജീവിതത്തി നിടയിൽ ജിദ്ദയിൽ പെയ്ത ഒരു കനത്ത മഴയെ കുറിച്ച് ഒരു ഓർമ്മയുണ്ട് , അത്യഭൂർവ്വമായി മാത്രം സംഭവിക്കുന്ന മഴയിൽ ജിദ്ദയിലെ കെട്ടിടങ്ങൾ വെള്ളത്തിലായി വാഹങ്ങൾ ഒഴുകി നടന്നതും രണ്ടു ദിവസം കഴിഞ്ഞു പ്രളയ ജലം ഇറങ്ങിയപ്പോൾ എവിടെനിന്നോ ഒഴുകി വന്ന സാധനങ്ങൾ വിൽക്കപ്പെടുന്ന ചെറു കൂട്ടങ്ങൾ രൂപപ്പെടുകയും അത്തരം കച്ചവടം നടക്കുന്ന ഒരിടത്തു ഒരു സിനിമാ പ്രൊജക്റ്റിന്റെ സ്പൂൾ സ്റ്റാൻഡ് മാത്രം വിൽപ്പനക്ക് വെച്ചിരുന്നതും ഓർമ്മിക്കുന്നു . സൗദി അറേബിയിൽ അക്കാലത്ത് ഒരു സിനിമ പോലും നിർമ്മിക്കപ്പെടാത്ത ക്കാലത്തു പിന്നീടെപ്പോഴോ പിറക്കാനിരിക്കുന്ന സിനിമ കാണിക്കാൻ ഞാനിപ്പഴേ ഉയർന്നു വന്നതാണ് എന്ന് പറയും പോലെ .തുടർന്നുള്ള പല അദ്ധ്യങ്ങളിലും സിനിമയെ കുറിച്ചും ഒരു സിനിമാ കാണി എന്ന നിലയിലേക്കുള്ള തന്റെ ജീവിതം തിരിച്ചു കിട്ടിയതിനെ കുറിച്ചും പ്രതിപാദിച്ചുപോകുന്ന അദ്ദേഹം ഒരിടത്ത് സൗദിയിൽ തിയേറ്ററുകൾ ഇല്ലാത്തതിനെ വിമർശിച്ച് തൊട്ടടുത്ത ബഹ്‌റൈനിലേക്കു സിനിമ കാണാൻ പോകുന്നത് പ്രമേയമാക്കി "500 കിലോമീറ്റർ സിനിമ " എന്ന സിനിമെയെടുത്ത അബ്ദുള്ള അൽ ഇയ്യാഫായെ കണ്ടു മുട്ടുന്നതും സംസാരത്തിനിടക്ക് അദ്ദേഹം ഒരു ലോങ്ങ് ഷോട്ടിനെ കുറിച്ച് സംസാരിച്ചതും , മരുഭൂമിലെ മരീചികയുടെ ഒരു ലോങ്ങ് ഷോട്ട് ,ലോകത്ത് ഇന്ന് വരെ ആരും പകർത്തിയിട്ടില്ലാത്ത അത്തരം ഒരു ലോഗ്‌ഷോട്ടിനെ കുറിച്ച് സംസാരിക്കുകയും പിന്നീട് മരീചിക പോലെ അപ്രത്യക്ഷമായതും എല്ലാം ഈ പുസ്തകത്തിൽ വല്ലാത്തോരു വികാരവായ്പോടെ മാത്രമേ വായിച്ച് തീർക്കാനാകു.
"ബിസ്മിലിഖാൻ ഖരാന യുടെ തേങ്ങലുകൾ "എന്ന അധ്യായത്തിൽ ഭാരതരത്ന ഉസ്താദ് ബിസ്മില്ലാ ഖാൻ സഹിഹിബിൻറെ വീട് സന്ദർശിച്ചതിനെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായത്തിന്റെ അവസാന ഖണ്ഡികയിൽ യാത്രികൻ ഇങ്ങനെ എഴുതി .ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടിയപ്പോൾ ചെങ്കോട്ടയിൽ നടത്തിയ സംഗീത കച്ചേരിയിൽ ബിസ്മില്ലാഖാൻ എന്ന ബാലനുണ്ടായിരുന്നു സ്വതന്ത്ര്യത്തിന്റെ 50 ആം വാർഷികത്തിൽ ദാനസമ്പന്നതയിൽ ദരിദ്രനായി പോയ ഉസ്താദ് ബിസ്മില്ല ഖാൻ എന്ന സംഗീത പ്രതിഭ ഉണ്ടായിരുന്നു . .....
ലോകവും കാലവും പിളരുകയാണ് , ആ പിളർപ്പിന്റെ നിരവധി ആഖ്യാനങ്ങൾക്കും ദൃശ്യങ്ങൾക്കും ഇടയിലാണ് നാം മനുഷ്യർ പല രീതിയിൽ ജീവിക്കുന്നത് , ചുറ്റും ശവ കൂനകൾ പെരുകുന്ന വർത്തനമാനത്തിരുന്നു വായന അധികപ്പറ്റാണ് എന്ന് തോന്നി തുടങ്ങുന്നുണ്ടെങ്കിലും ചില അതി ജീവനത്തിനു അത് ഉപാധിയില്ലാത്ത സന്തോഷം പകരുന്ന ഒന്നാണ് എന്ന് കരുതുന്നവർക്ക് , അത്തരം എൻ്റെ സുഹൃത്തുക്കൾക്കു ഈ പുസ്തക ചലഞ്ചിലൂടെ ഞാൻ ഈ പുസ്തകം തുറന്നിടുകയാണ് .കൂടാതെ പ്രിയ സുഹൃത്തുക്കൾ ആയ രഞ്ജീവ്‌ , മനോഏട്ടൻ , സുനിൽ , സരിത ,ഷിലിൻ എന്നിവരെ മറ്റൊരു പുസ്തകം പരിചയപ്പെടുത്താൻ ക്ഷണിക്കുകയും ചെയ്യുന്നു ....
സ്നേഹം മുസാഫർക്കാ .........