Thursday, August 12, 2021

 മെല്ലെ..

(കൊറോണ ഒരു വെടിച്ചില്ലുപോലെ നെഞ്ചിൽ തുളച്ചു കയറിയ നാളുകളിൽ നിന്നും മെല്ലെ ജീവിതത്തിലേക്ക്)
തിരക്ക് പഴയ കഥയായിരിക്കുന്നു
മെല്ലെ വാതിൽ തുറന്ന്
ജനലഴികളിലൂടെ
സൂര്യനെനോക്കാൻ
ഇഷ്ടം കൂടുന്നു
കെട്ടിടങ്ങൾ പ്രകാശത്തിൽ
ഇത്രയും തിളങ്ങാറുണ്ടായിരുന്നോ...
എനിക്കിപ്പോൾ അറിയാം
എന്നും രാവിലെ വരാറുള്ള
പ്രാവുകൾക്ക് എന്നോടെന്താണ്
പറയാനുള്ളതെന്ന്
നനക്കാൻ വീണ്ടും ചെന്നപ്പോൾ
ചെടികൾ പറഞ്ഞു
അതിലൊരെണ്ണം കരിഞ്ഞുണങ്ങിയത്
എനിക്കുവേണ്ടിയാണന്ന്
നിശബ്ദമായി കരഞ്ഞു.
വളർത്ത് കിളിക്കൂട് തുറന്ന് വെച്ച്
തിരിഞ്ഞു നോക്കാതെ നടന്നു...
പറക്കാൻ അവർ മറന്നുപോയിരിക്കുന്നു.
ഇനി മെല്ലെ പാടി തുടങ്ങണം
ഒരു പാട്ട് പാടാൻ തൊണ്ട ചൊറിഞ്ഞത്
ശ്വാസത്തിന് അറ്റത്ത് കറുത്ത വടിയുമായ് നിരന്തരം താളം നെറ്റിച്ച
വെളുത്ത നീണ്ട താടിയുള്ള മനുഷ്യനെ
ആയുശ്കാലം ഓർമ്മിക്കണം
നിലകിട്ടാത്ത ശാസങ്ങൾക്കിടയിൽ
പരവശരായി ഒടുന്ന
നീലകുപ്പായക്കാരികളായ
സഹോദരിമാരെയും
അവരോടെന്ത് പറയാനാനാണ്
ഒര് വാക്കെങ്കിലും അമ്മയോട് ചോദിക്കാൻ
കൊതിച്ച് വിവശനായ നിമിഷങ്ങൾ.
അടഞ്ഞ ശബ്ദം അമ്മ കേട്ടാൽ
അതുമതിയാകും അസുഖമാകാൻ
സ്വപ്നത്തിൽ മജീദും സുഹറയും വന്നു
അവസാന കണ്ടുമട്ടലായിരുന്നു.
മജീദ് സുഹറയായോട്
അവസാനമായി പറഞ്ഞത് വ്യക്തമല്ലായിരുന്നു
എന്നിട്ടും ഞാൻ വെറുതെ കരഞ്ഞു
പണ്ട് എഴുതിയ നാടകം പെയ്തിറങ്ങി
വിയർത്ത് കുളിച്ചു
എന്തൊരാശ്വസം...
എനിക്കിപ്പോൾ സ്ക്കൂൾ ഗ്രൂപ്പിൽ
സുപ്രഭാതം പറയുന്നവരെ
വല്ലാത്ത ഇഷ്ടമാണ്
നാളെ ഉണ്ടാവാനിടയില്ലാത്ത
ചില സാധ്യതകൾക്ക്
ഇന്നിൻറെ സേനഹമാണതെന്ന്
ആരും പറയാതെ അറിയാം
അല്ലെങ്കിലും
കുന്നുകൂട്ടിയ ഓർമ്മകൾക്ക്
പണ്ടെ തീ കൊളുത്തിയതായിരുന്നല്ലോ
ഇടക്ക് പെയ്ത ശ്വാസം കിട്ടാത്ത മഴയിൽ
പാതി വെന്ത് മണക്കുന്നതാണ്.
പുതിയ പാതകൾ
പഴയതിനെ ഉപേക്ഷിക്കും
മടുത്തു ഞാനിവിടം വിട്ടു
എന്നതെല്ലാം മനുഷ്യൻ
അവൻറെ ചരിത്രത്തിൽ
എത്രതവണയെഴുതിയ
ചുമരെഴുത്തുകളാണ്
അറ്റെതെന്തുമ്പോൾ
പുഴയുടെ തുടക്കത്തിലെ
വെറും നനവാണ് എന്ന തിരിച്ചറിവിൽ
കുലം കുത്തുന്ന ഒര് പുഴയുണ്ട്
ഹൃദയത്തിന് കുറുകെ
ഒച്ചത്തിൽ പറഞ്ഞ്
ഇനി എനിക്കൊന്നും കീഴടക്കണ്ട.
മെല്ലെ പറയാനാണ് ഇഷ്ടം
അവശേഷിച്ചതും ഉപേക്ഷിച്ചതും
അടയാളമാക്കി മെല്ലെ നടക്കണം
ഓർമ്മകളിൽ ഉൽക്ക പതിക്കാതെ സൂക്ഷിക്കണം...
അടുത്തും അകലെയും
ആരെല്ലാമുണ്ടെന്നും
അവരെല്ലാമെന്താണന്നും
കൃത്യമാണ്..
ഇതിലും കൂടുതൽ എഴുതാനുണ്ടെനിക്ക്
ഇത്രയെങ്കിലും എന്ന സാധ്യത
മാത്രമായ് ചുരുങ്ങുകയാണത്.
മരുഭൂമിയിൽ
മനുഷ്യൻ കാണാത്ത മഴ പെയ്യുന്നപോലെ...
ഞാനിപ്പോൾ തിളക്കമുള്ള
കുടുംബ ചിത്രങ്ങൾ
വീണ്ടും വീണ്ടും എടുക്കാൻ
തിരക്കാക്കുയാണ്..
തിരഞ്ഞ് പോകാനുണ്ട്
കുറെ മുഖങ്ങളെ
സെൽഫിയിലാക്കാൻ...
ലൗ ഫ്രെയിമിട്ട്
ഹൃദയത്തിൽ സുക്ഷിക്കാൻ.