Friday, October 16, 2015

പാതി വെന്ത ചിത്രങ്ങള്‍

ചിതറി തെറിക്കുന്ന ചിത്രങ്ങള്‍ക്ക് കീഴെ
അറ്റം പിളര്‍ന്ന കണ്ണുകളില്‍ ചാരിയിരുന്ന്
മരവിച്ച കാല്‍ വിരല്‍ പതുക്കെ അനക്കി
വാക്കുകള്‍ തൂങ്ങി ചത്ത തൊണ്ടയില്‍
അവര്‍ ഉറക്കെ ഒന്ന്  മുരളാന്‍ ശ്രമിച്ചു
ഡിജിറ്റ് – വണ്‍ ,ടൂ ,ത്രീ , ഫോര്‍  
സഫ്രോണ്‍ ,വൈറ്റ് ,ഗ്രീന്‍ , മജന്ദ്‌
നിറങ്ങള്‍ പെരുമഴയായ്

കണ്ണുകള്‍ക്ക്‌ പകരം
രണ്ടു തുളകള്‍ അവശേഷിപ്പിച്ച്
ഒന്നില്‍ നിന്നും ശതകൊടിയായ്
ദൃശ്യങ്ങളെ  പൊടിച്ചരച്ച്
അനലോഗില്‍ നിന്നും ഡിജിറ്റലിലേക്ക്
കളറിംഗ്, ടോണിംഗ്, ടച്ചിംഗ്  
ജീവനും മരണത്തിനുമിടയില്‍
കൂട് വിട്ടു കൂറ് മാറിയ
പാതി വെന്ത ചിത്രങ്ങള്‍
വരി വരിയായ് മുഖത്തോട് മുഖം നോക്കി
നിര നിരയയായ് വെളിക്കിരുന്നപ്പോള്‍
ഓര്‍മ്മകളെ ചിപ്പിനകത്താക്കി
ചിത്രങ്ങളുടെ  നിഴലുകള്‍
ശബ്ദമില്ലാതെ ചെവിയില്‍ ചോദിച്ചു

തോട്ടിയെന്നാല്‍ ഇപ്പോഴും
തീട്ടം കൊരുന്നവന്‍ എന്ന് തന്നെയല്ലേ ?
മുഖത്ത് ചായം  ഇടാത്തവര്‍ക്ക്
ഒരു ദേശം തന്നെ ഇല്ലാതാകുമോ !