Friday, January 21, 2022

 തിയ്യേറ്റർ

(കോവിഡാനന്ദരം ഒരു ചെറിയ ശസ്ത്ര ക്രിയ കാത്ത് കിടന്നപ്പോൾ നോന്നിയത്)
1
കാലം ,ജീവിതം ,നാടകം
കാലമാണൊ ജീവിതത്തെ എഴുതുന്നത്.
അല്ലെങ്കിൽ ജീവിതം കാലത്തെ വരക്കുകയൊ.
ജീവിതത്തെ കുറിച്ച് പറയാൻ പറഞ്ഞാൽ
അദ്യം തോന്നുക
അതിന് വിശദീകരണം ഇല്ലന്നാണ്.
നാടകത്തെ കുറിച്ച് ആണെങ്കിൽ
അത് വായിച്ച് രസിക്കാനുള്ളതല്ല
ആടി തിമർക്കാനുള്ളതാണെന്നും.
ഉദയവും അസ്തമയവും പൂർണ്ണമാണ്.
വാക്കുകൾ വിസ്മരിക്കുന്ന
ഓരോ വിശദീകരണങ്ങളും
ഒരോ ദർശനങ്ങൾ ആകും.
വിശദീകരിക്കാനാകും എന്ന നിമിഷം
അത് ജീവിതത്തെ കൈയ്യൊഴിയും.
ഒരോ നാടകവും ഒന്നല്ല , മറ്റൊന്നാണ്
പഴയതിനെ നിഷ്കരുണം തകർക്കുന്ന
കരുത്താണരങ്ങിൽ നടൻ.
ഒപ്പറേഷൻ തിയറ്ററും അങ്ങിനെയാണ്
ഒരു നിശ്‌ചലതയിൽ പുതിയ തുടക്കം.
സിനിമക്കും , നാടകത്തിനും
ശസ്ത്രക്രിയക്കും തിയേറ്ററുകളാണ്
ജീവിതത്തിനോ?
അത് നിശ്ചലതയും നേർരേഖയും
കണ്ടുമുട്ടും പോലെ അഞ്ജാതമാണ്.
2
ജീവിതത്തിനില്ലാത്ത എന്തു മാത്രം
തയ്യാറെപ്പുകളാണ് നാടകത്തിനും
ശസ്ത്രക്രിയ്യക്കും..
ഒരു ചെടിവെട്ടുകാരൻറെ വൈദഗ്ദ്യത്തിൽ
രോമങ്ങൾ പിഴുതെറിയപ്പെടും..
കയ്യുറകളും, കാലുറകളും ,തൊപ്പിയും
പിന്നെ ചിറകുകളും
ഉണ്ടെന്ന്തോന്നിപ്പിക്കുന്ന
അയഞ്ഞ കുപ്പായം ധരിപ്പിക്കും
തീർത്തും ഒരു പുണ്യാളൻറെ
വേഷപകർച്ച..
പിന്നിടുള്ള കാത്തിരിപ്പാണ്അസ്സഹനീയം
ഒറ്റനിമിഷത്തിനപ്പുറം നിലനിൽപ്പില്ലാതെ
കാലം വീണ്ടും വീണ്ടും ചുഴ്ന്ന് വരും.
മനുഷ്യരില്ലെങ്കിലും മരം വളരില്ലേ
എന്ന് വെറുതെ ചോദിച്ച് പോകും.
3
രണ്ട് പേർ ദൈവത്തെ കുറിച്ച്
സംസാരിച്ചു കൊണ്ട് ലൈറ്റുകളെ
മധ്യത്തിലേക്ക് കേന്ദ്രികരിപ്പിച്ചു.
അടുത്ത നിമിഷം അവർ വിവസ്ത്രനാക്കും എന്നുറപ്പായിരുന്നു.
തിരിഞ്ഞോടി കാടുകയറി
ആദിമ മനുഷ്യനായി കൂർത്ത
ഒരു കല്ലെടുത്തു .
വള്ളിപടർപ്പിൽ ഊഞാലാടി.
മലകൾ കയറി ,പറക്കുന്ന
മേഘത്തെ ചുംബിച്ചു.
കാട്ടരുവിയിൽ മുങ്ങാം കുഴിയിട്ടു.
ഡയോജനീസിനെ പോലെ
നഗ്നനായ് പുഴക്കരികിൽ
വെയിൽ കാഞ്ഞു..
ഇരുട്ടിൽ മരങൾക്കും കിളികൾക്കും വേണ്ടി പുണ്യളൻറെ ചവിട്ടു നാടകം
കളിച്ചു തളർന്ന് വീണു..
കൈകൾ രണ്ടും മേലോട്ടുയർത്തി
നിസ്സഹായനായ് .
ഇലകളില്ലാത്ത കിളികൾ മാത്രമുള്ള
ഒരു മരത്തിനടിയിൽ കണ്ണുകൾ ഇറുക്കിയടച്ചു...
ഏതൊ മരംകൊത്തി പക്ഷി
മരം തുളക്കുന്ന ശബ്ദം
കാതിൽ ആർത്തലച്ചു..
4
കണ്ണു തുറന്നപ്പോൾ പേര് ചോദിച്ചു
കാട്ടിലെ മലകൾക്കിടയിലുള്ള മഹാഗർത്തത്തിൽ നിന്നും
അത് തപ്പിയെടുത്തു..
വീണ്ടും...
പേരുള്ളവനും നാഗരികനുമായി.
അയാൾ കണ്ണഞ്ചിപ്പിക്കുന്ന
ദീപവിതാനങ്ങളിലൂടെ നടന്ന്
നഗര സൗന്ദര്യവൽക്കരണത്തിനായ്
അടുത്ത കാലത്ത്നിർമ്മിച്ച
മനുഷ്യ നിർമ്മിത തടാകത്തിൽ
*ഒഴിഞ്ഞ ബോട്ട് മെല്ലെ തുഴഞ്ഞു..
സമുദ്രം മുറിച്ച് കടന്ന യാത്രികൻ
യാനത്തെ എന്ന പോലെ
ശാന്തമായ്..
(* The empty boat ഓഷോയുടെ കൃതിയാണ്.സ്വധീനിച്ചിട്ടുണ്ട്.