Friday, March 20, 2015






 രണ്ടു മനുഷ്യരും കുറെ ബോണ്‍സായ് മരങ്ങളും.


അരണ്ട വെളിച്ചം
അയാളും അവളും
വീല്‍ ച്ചെയറും
വിവിധ തരം
ബോണ്‍സായ് മരങ്ങളും

ഇപ്പോള്‍ വെളുത്തു പോയത് പോലെ
നാല്‍പതു വര്‍ഷം പ്രായമായ
അരയാല്‍ ചെടിയുടെ
തൂങ്ങി കിടക്കുന്ന
വേരുകള്‍ പോലെ
അയാളുടെ മുടിയിഴകള്‍
ഇളകി ആടി കൊണ്ടേയിരുന്നു

വെട്ടിയൊതുക്കിയ ശിഖരങ്ങള്‍
അയാളുടെ കുറ്റി മീശയായ്
അവളുടെ വിടര്‍ന്ന മൂക്കിന് താഴെ
ചെറിയ ചില നീറ്റലുകള്‍ ഉണ്ടാക്കി

വീല്‍ ചെയറില്‍ അമര്‍ന്ന അവളുടെ കൈതലം
ബോണ്‍സായ് പ്രദര്‍ശനത്തിനു
സമ്മാനം നേടി തന്ന
മുപ്പതു വര്‍ഷം പ്രായമായ
അരയാലിന്‍ തൊലി പോലെ
ഇളകി നിന്നത് ആഹ്ലാദിപ്പിച്ചെങ്കിലും
ക്രൂരമായ ഒരു മന്ദഹാസത്തില്‍
വീല്‍ ചെയര്‍ മെല്ലെ
തനിയെ മുന്നോട്ടു നീക്കി
അയാള്‍ അവളോട്‌ ഇങ്ങനെ പറഞ്ഞു.

എന്‍റെ ശരവേഗത്തില്‍
ഞാന്‍ ഊറ്റം കൊണ്ടു
അസൂയ മുഖങ്ങളില്‍
ഞാനും ഉണ്ടായിരുന്നു
അപ്പോഴും നിനക്ക്
ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ
ഈ മരങ്ങളെ കുറിച്ച്
മണ്‍ചട്ടിയില്‍ വീര്‍പ്പു മുട്ടിയ
മഹാ മരങ്ങളുടെ
ചെറിയ ചില്ലകളെ കുറിച്ച്
പുതിയ നാബുകള്‍ ഉണ്ടാക്കുന്ന
ഇളം പച്ചയുടെ വെളിച്ചത്തില്‍
ആകാശത്തെ തൊടുന്ന
അറിവിനെ കുറിച്ചു


പകലുകള്‍ അനാഥമാക്കി
പറക്കലുകള്‍ മറന്ന ചിറകുമായ്  
അഗാധ മൌനത്തിന്റെ അവസാനത്തില്‍
ചില കൂമന്‍ കുറുകലുകളായ്
അവള്‍ അയാളോട് ഇങ്ങനെ പറഞ്ഞു

അന്നെനിക്ക്
അച്ഛനും അമ്മയും കളിക്കാനും
മണ്ണപ്പം ചുടാനും
കളി പന്തും, കളി വാച്ചും ഉണ്ടാക്കാനും
ഇടവഴിയെ പോയ
പന്തം കൊളുത്തി പ്രകടനത്തിലെ
തല എണ്ണാനും അറിയാമായിരുന്നു


അറിവുകളെല്ലാം ബാല്യത്തില്‍ വെച്ച്
നിനച്ചിരിക്കാതെ വന്ന നിന്‍
ചുവപ്പ് ലിഖിതത്തില്‍
വീണുരുണ്ടു കിതച്ച്
കാലുകളും കൈകളും ചെറുതായ
തല വലുതായ
ചലിക്കുന്ന ബോണ്‍സായ് മരമായ്‌
ഒരു മകന്‍റെ പിറവിയുടെ
ആഹ്ലാദം നിറഞ്ഞ വേദനയിലൂടെ
നമുക്ക് ഇടയില്‍ അവശേഷിക്കുന്ന
അവസാന സ്മാരകത്തിനു
ഉപാധിയില്ലാത്ത കാവലായ്
മറ്റൊരു യുദ്ധത്തിനു ശേഷിയില്ലാതെ
ഓരോ പോര്‍മുഖത്തും നീ
തളര്‍ന്നു വീഴുമ്പോഴും
നിന്‍റെ ന്യായം ഒന്ന്‍ മാത്രം

കുറ്റപെടുത്താന്‍ നമുക്ക്
ഒരു കാടു നിര്‍മ്മിക്കാം
നിറയെ മാളങ്ങള്‍ പണിയാം
ചില പാബുകളെ തേടാം

ഒരു കുഞ്ഞു ചിരിയില്‍
ഒരു കുഞ്ഞു തളിരില്‍
അവസാനിക്കുന്നതല്ല ലോകം.
എങ്കിലും പറയാം


നിന്റെ മകന്‍
ചിരിക്കാതെ കരയാതെ
അമ്മെ എന്നത്ഒരു കൂകലായ്
അച്ചാ എന്നത് കാറ്റ് മാത്രമായ്
എന്നെയും നിന്നെയും പരിഹസിച്ച്
ഒരു ചില്ലയില്ലാ മരമായ്‌
നിന്‍റെ ബോണ്‍സായ് മരങ്ങള്‍കിടയില്‍

അയാളായത് നീ അറിഞ്ഞില്ലേ.

1 comment: